Wednesday, May 8, 2024
spot_img

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; പണം തട്ടുന്നതിന് പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സൈബര്‍ ക്രൈം പൊലീസ്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച്‌ പണം തട്ടുന്നതിന് പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമെന്ന് സൈബര്‍ ക്രൈം പൊലീസ്. തെലങ്കാനയില്‍ കഴിഞ്ഞ ദിവസം പിടിയിലാവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയം. കേരള പോലീസ് തെലങ്കാനയിലെയും ആന്ധ്രയിലെയും അന്വേഷണ സംഘവുമായി ആശയവിനിമയം നടത്തി.

ഐ.ജി. പി.വിജയന്റെ പേരില്‍ രണ്ട് ദിവസം മുന്‍പ് പ്രത്യക്ഷപ്പെട്ട വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ട് വരാന്‍ സഹായമായത്. പി.വിജയന്‍ കൂടാതെ ഉന്നത ഉദ്യോഗസ്ഥരായ ഋഷിരാജ് സിങ്, ജി.ലക്ഷ്മണ തുടങ്ങി ഡിവൈഎസ്പിമാരടക്കം ഇരുപതിലേറെ ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ യഥാര്‍ത്ഥ അക്കൗണ്ടിലുള്ള അതേ പേരും ഫോട്ടോയും വിവരങ്ങളുമെല്ലാം ചേര്‍ത്താണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്.

തട്ടിപ്പ് രീതി ഇങ്ങനെ-സൗഹൃദത്തിലായ വ്യക്തിയോട് മെസഞ്ചര്‍ ചാറ്റിലൂടെ പണം ആവശ്യപ്പെടും. പണം നല്‍കാമെന്ന് സമ്മതിച്ചാല്‍ ഗൂഗിള്‍ പേ നമ്ബര്‍ കൈമാറും. ക്രെഡിറ്റ് കാര്‍ഡിന്റെ രഹസ്യവിവരങ്ങളും ചിലരോട് ചോദിച്ചിട്ടുണ്ട്. തട്ടിപ്പ് തിരിച്ചറിഞ്ഞ സൈബര്‍ ഹൈടെക്ക് സെല്‍ വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൈബര്‍ ക്രൈം പോലീസിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നതായും സൈബര്‍ ക്രൈം പൊലീസ് സംശയിക്കുന്നുണ്ട്.

Related Articles

Latest Articles