തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ. ആന്റോ ജോസഫ്. സി.ജെ-യെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മേയര്‍ അഡ്വ. വി. വി. രാജേഷ് ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ ബില്‍ കളക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ആന്റോ ജോസഫ് വ്യാജ രസീതുകള്‍ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി റവന്യൂ വിഭാഗത്തിലെ R1-CIRCLE-4 ല്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
തുടര്‍ന്ന് ഐ.കെ.എം (IKM) സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍, ഇയാള്‍ മുന്‍പ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് പരാതിക്കാര്‍ ഹാജരാക്കിയ വ്യാജ രസീതുകളുടെ കോപ്പികള്‍ കണ്ടെത്തുകയായിരുന്നു. പി.ഡി.എഫ് എഡിറ്റര്‍ (PDF Editor) സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സോഫ്റ്റ് കോപ്പികളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇയാള്‍ വ്യാജ രസീതുകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് 2011-ലെ കേരള മുന്‍സിപ്പാലിറ്റി (ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണം) ചട്ടങ്ങള്‍ പ്രകാരം ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇയാള്‍ക്ക് നിയമപരമായ ഉപജീവന ബത്തയ്ക്ക് (Subsistence Allowance) അര്‍ഹതയുണ്ടായിരിക്കും.

