Friday, October 9, 2026

ദുബായ് – ടെല്‍ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ കോ-പൈലറ്റിന്റെ ആക്രമണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ‘1073’ സിദ്ധാന്തം വൈറലാകുന്നു. ഒക്ടോബര്‍ 7 ആക്രമണ വാര്‍ഷികവുമായി ബന്ധപ്പെടുത്തി പുതിയ വ്യാഖ്യാനങ്ങള്‍.

ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ് നടത്തിയ ആക്രമണത്തിന് പിന്നാലെ, വിമാനത്തിന്റെ നമ്പറിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നു. ഫ്‌ലൈ ദുബായ് വിമാനത്തിന്റെ ‘FZ1073’എന്ന ഫ്‌ലൈറ്റ് നമ്പറിനെ അടിസ്ഥാനമാക്കിയാണ് ‘1073’ സിദ്ധാന്തം പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ നമ്പറിനെ 10/7/3 (10-7-3) എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്. ഇത് ഒക്ടോബര്‍ 7 എന്ന തീയതിയെയും, 2023-ലെ ആക്രമണത്തിന് ശേഷമുള്ള മൂന്നാം വര്‍ഷത്തെയും സൂചിപ്പിക്കുന്നു എന്നാണ് ഇവരുടെ പ്രധാന വ്യാഖ്യാനം. ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പോയ വിമാനത്തിലാണ് ആക്രമണം നടന്നത് എന്നതും, ഒക്ടോബര്‍ 7 വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ സംഭവം ഉണ്ടായി എന്നതും പ്രചാരണത്തിന് ആക്കം കൂട്ടി.

എന്നാല്‍, ഈ ഫ്‌ലൈറ്റ് നമ്പര്‍ മനഃപൂര്‍വം തിരഞ്ഞെടുത്തതാണെന്നോ, ഇതിന് ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നോ തെളിയിക്കുന്ന യാതൊരു തെളിവും നിലവില്‍ ലഭ്യമല്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം ഒരു വ്യാഖ്യാനം വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഒക്ടോബര്‍ 7-നാണ് ഗാസയില്‍നിന്നുള്ള ശക്തമായ റോക്കറ്റ് വര്‍ഷത്തോടെ ഹമാസിന്റെ നേതൃത്വത്തിലുള്ള സായുധ സംഘങ്ങള്‍ കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ തെക്കന്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്.

സൈനിക താവളങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നോവ സംഗീത മേളയ്ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര, യു.എസ് സര്‍ക്കാറുകളുടെ കണക്കനുസരിച്ച് ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles