തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭൂമധ്യരേഖ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ഫാനി ചുഴലിക്കാറ്റായി 30 ന് ആന്ധ്രാ തീരത്തെത്തും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും നാളെ മുതല്‍ മെയ് ഒന്നുവരെ ശക്തമായ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാട് തീരത്തും ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം വന്‍ നാശനഷ്ടം വിതച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ കേരളതീരത്ത് രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
27 ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരെത്തെത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.
29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പലയിടങ്ങളിലും മണിക്കൂറില്‍ 90-115 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റു വീശാനും സാധ്യതയുണ്ട്.

