Tuesday, December 23, 2025

നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു; ഫാൻ ഉപയോഗിച്ച് ഉണക്കുന്നതിനിടെയായിരുന്നു അപകടം

പാലക്കാട്: നെല്ല് ഉണക്കുന്നതിനിടെ കർഷകന് ഷോക്കേറ്റ് ദാരുണാന്ത്യം.പാലക്കാട് മാത്തൂരിലാണ് സംഭവം.
മാത്തൂർ പ്ലാക്കൽ സ്വദേശി ദാമോദരനാണ് (59) മരിച്ചത്. നെല്ല് ഉണക്കാൻ വേണ്ട സംവിധാനമില്ലാത്തതിനാൽ വീടിന് മുന്നിൽ ഫാൻ ഉപയോഗിച്ച് ഉണക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നാല് ഏക്കറോളം നെൽകൃഷി ദാമോദരനുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു കൊയ്‌ത്ത് കഴിഞ്ഞത്. സപ്ലൈകോയ്‌ക്ക് കൈമാറുന്നതിന് മുന്നോടിയായി നെല്ലിലെ ഈർപ്പവും പതിരും മാറ്റുന്നതിന് വേണ്ടി ഫാനുപയോഗിച്ച് ഉണക്കാൻ ശ്രമിച്ചു.സമീപത്തെ കടയിൽ നിന്നായിരുന്നു ദാമോദരൻ ഇതിനായി ഫാൻ വാങ്ങിയത്. വൈദ്യുതാഘാതമേൽക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കടക്കാരൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുൻകരുതലുകൾ കൈക്കൊള്ളാതിരുന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് നിഗമനം.

അപകടത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബം അറിയിച്ചു.

Related Articles

Latest Articles