Saturday, January 10, 2026

ഇടുക്കിയിൽ ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്; അപകടം വീടിനുള്ളിൽ ഇരിക്കുമ്പോള്‍, ഇരുവരുംതേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്. തേർഡ്ക്യാമ്പ് മൂലശ്ശേരിൽ സുനിൽ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

പാമ്പാടിയിലെ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേർഡ്ക്യാമ്പിലെ വീട്ടിൽ എത്തിയ സമയത്താണ് അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സുനിലിനും മകൻ ശ്രീനാഥിനുമാണ് ഇടിമിന്നലിൽ പരിക്കേറ്റത്. മിന്നലിൽ തലയ്ക്കും കാലിനും മുറിവുകളേറ്റ സുനിലിനെയും മകനെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസയ്ക്ക് ശേഷം തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനാഥ്. ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

Latest Articles