തൃശൂർ: മകൻ തൂങ്ങി മരിച്ചതറിഞ്ഞ മനോവിഷമത്തിൽ പിതാവും അതേമരത്തിൽ തന്നെ തൂങ്ങിമരിച്ചു. കുന്നംകുളം എയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബിന് സമീപമാണ് സംഭവം. കിഴക്കൂട്ട് രാമു എന്ന് വിളിക്കുന്ന ദാമോദരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്.
സംഭവം ഇങ്ങനെ , തിങ്കളാഴ്ച രാത്രി വൈകിയും ശരത് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്ത് പാടത്തിനോടു ചേർന്ന മരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ നിലവിളിച്ചുകൊണ്ട് വീട്ടിൽ ഓടിയെത്തി പിതാവിനെ വിവരമറിയിച്ചു. രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു.
മകനെ താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ പിതാവ് പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ രണ്ടു മരണം കണ്ട നടുക്കത്തിലായിരുന്നു ദാമോദരന്റെ രണ്ടാമത്തെ മകൻ സജിത്ത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇന്നു രാവിലെയാണ് മൃതദേഹങ്ങൾ താഴെയിറക്കിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
കൂലിപ്പണിക്കാരനാണ് ദാമോദരൻ. ശരത് ടിപ്പർ ലോറി ഡ്രൈവറാണ്. തുടർച്ചയായി പണി ഇല്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു മകനെന്നു പറയുന്നു. മാതാവ്: സജിനി. കോവിഡ് നിയന്ത്രണങ്ങളാവാം ശരത്തിനെ പണിയില്ലാതാക്കിയത് .

