Saturday, January 10, 2026

മദ്യപിച്ചെത്തിയ മകന്റെ അഴിഞ്ഞാട്ടം; മർദ്ദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു; ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിൽ

കോഴിക്കോട് : മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യന്‍ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ മകന്‍ അഭിലാഷാണ് മാതാപിതാക്കളെ മര്‍ദ്ദിച്ചത് എന്നാണ് ലഭിക്കുന്നവിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സെബാസ്റ്റ്യൻ മരിച്ചത്.

കഴിഞ്ഞ മാസം 31-നാണ് സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദമ്പതിമാര്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായ വിവരം പിറ്റേ ദിവസമാണ് നാട്ടുകാര്‍ അറിയുന്നത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ജനമൈത്രി പോലീസും വീട്ടിലെത്തിയാണ് വൃദ്ധ ദമ്പതികളെ ആശുപത്രിയിലാക്കിയത്.

സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെബാസ്റ്റ്യന്റേയും മേരിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മേരിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles