അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് നേരെയുണ്ടായ വധശ്രമത്തിൽ കുറ്റപത്രം സമർപ്പിച്ച് എഫ്ബിഐ. നേരത്തെ പ്രതി കോൾ ടോമാസ് അലൻ എന്ന 31-കാരനെതിരെ വധശ്രമത്തിന് കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയാണ് ശനിയാഴ്ച നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സുരക്ഷിതനായി രക്ഷപ്പെട്ടു. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ സദസ്സിലുള്ളവർ മേശകൾക്കടിയിൽ ഒളിക്കുന്നതും പ്രസിഡന്റിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് വേഗത്തിൽ മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആഴ്ചകൾക്ക് മുൻപേ ആസൂത്രണം ചെയ്തതാണ് ഈ ആക്രമണമെന്ന് എഫ്ബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 6-ന് തന്നെ ചടങ്ങ് നടക്കുന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ അക്രമി മുറിയെടുത്തിരുന്നു. കാലിഫോർണിയയിലെ ടോറൻസിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ വാഷിംഗ്ടണിലെത്തിയത്. ചടങ്ങ് ആരംഭിച്ച് അധികം വൈകാതെ, സുരക്ഷാ തടസ്സങ്ങൾ ഭേദിച്ച് അക്രമി വേദിയിലേക്ക് കുതിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഏജന്റുമാരുമായി ഇയാൾ വെടിവെപ്പിൽ ഏർപ്പെട്ടു. ഇയാളിൽ നിന്ന് 12-ഗേജ് ഷോട്ട്ഗണും ഒരു പിസ്റ്റളും പോലീസ് പിടിച്ചെടുത്തു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ജീവപര്യന്തം തടവ് വരെ ഇയാൾക്ക് ലഭിക്കാം.
ട്രമ്പ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള അതൃപ്തിയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങൾക്കും മുൻ തൊഴിലുടമയ്ക്കും ഇയാൾ അയച്ച ഇമെയിലിൽ തന്നെത്തന്നെ ‘ഫ്രണ്ട്ലി ഫെഡറൽ അസാസിൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾ ജനാധിപത്യ സ്ഥാപനങ്ങൾക്കും പൊതുപ്രവർത്തകർക്കും ഭീഷണിയാണെന്നും അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

