Wednesday, September 23, 2026

ഭീതി ഒഴിഞ്ഞു ! സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ എബോള പരിശോധനാഫലം നെഗറ്റീവ്

കോട്ടയം മെഡിക്കൽ കോളേജിൽ എബോള ബാധ സംശയിച്ച് പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ അമ്പത്തിരണ്ടുകാരിയുടെ സ്രവസാമ്പിളുകൾപൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ചപ്പോഴാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് ഇവർ കഴിഞ്ഞദിവസം കേരളത്തിലെത്തിയത്. യാത്രയ്ക്കിടയിൽ കണക്ഷൻ ഫ്ലൈറ്റിനായി ഇവർ ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. നാട്ടിലെത്തിയതിന് പിന്നാലെ കടുത്ത ഛർദിയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയതുമാണ് ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ഉഗാണ്ട വഴി എത്തിയെന്ന യാത്രാപശ്ചാത്തലം കണക്കിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കാൻ കാരണമായത്. തുടർന്ന് അതീവ ജാഗ്രതയോടെ ഇവരെ ഐസലേഷനിലേക്ക് മാറ്റുകയായിരുന്നു.

ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോളയുടെ അപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ പടർന്നുപിടിച്ച് നിരവധിപേർ മരണപ്പെട്ട പശ്ചാത്തലത്തിലാണ് കേരളത്തിലും കടുത്ത ജാഗ്രത പുലർത്തിയത്. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത ഈ വകഭേദം എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണ്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു.

വൈറസ് ബാധ മൂലമുണ്ടാകുന്ന എബോള രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് പകരുന്നത്. കുരങ്ങ്, മാൻ, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് എത്താം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ചിലരിൽ ഇത് ഗുരുതരമായ ആന്തരിക രക്തസ്രാവത്തിനും അവയവങ്ങളുടെ തകരാറിനും മരണത്തിനും വരെ കാരണമായേക്കാം.

ജന്തുജന്യ രോഗമായതിനാൽ ശരിയായി പാകം ചെയ്ത മാംസം മാത്രം കഴിക്കുക എന്നതും രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതുമാണ് ഇതിന്റെ പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. വായുവിലൂടെയോ വെള്ളത്തിലൂടെയോ ഈ രോഗം പകരില്ലെന്നതിനാൽ കൃത്യമായ മുൻകരുതലുകളിലൂടെ രോഗവ്യാപനം പൂർണ്ണമായും തടയാനാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

Related Articles

Latest Articles