Monday, June 3, 2024
spot_img

പ്രധാനമന്ത്രിയായും പ്രസിഡന്‍റായും പൂര്‍ത്തിയാക്കിയത് രണ്ട് പതിറ്റാണ്ട് കാലം- അത്യപൂര്‍വ്വ നേട്ടവുമായി റഷ്യന്‍ ഭരണാധികാരി വ്ളാദിമിര്‍ പുടിന്‍

1999 ഓഗസ്ത് 9, റഷ്യയുടെ ചരിത്രം എന്നെന്നേക്കുമായി മാറിയ ദിവസമാണത് . റഷ്യൻ പ്രസിഡന്‍റായിരുന്ന ബോറിസ് യെൽ‌റ്റ്സിൻ തന്‍റെ മുൻ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്ന വ്‌ളാഡിമിർ പുടിനെ ആക്ടിംഗ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് അന്നേ ദിവസമായിരുന്നു . അത് റഷ്യയുടെ ചരിത്രത്തിലെ ഒരു യുഗത്തിന്‍റെ തുടക്കമായിരുന്നു. അതുവരെ ലോകനേതാവിന്‍റെ പ്രഭാവലയമൊന്നുമില്ലാതെ സെൻറ് പീറ്റേഴ്‌സ്ബർഗ് മേയറായ അനറ്റോലി സോബ്‌ചാക്കിന്‍റെ ഉപദേശകനായി തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുകയായിരുന്ന വ്ലാഡിമിർ പുടിൻ പിന്നീട് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായി വളർന്നു. ഇന്ത്യയുടെ ഉറ്റ സുഹൃത്തായ വ്ളാദിമിര്‍ പുടിൻ ഇപ്പോൾ റഷ്യയെ ഉയർച്ചയിലേക്ക് നയിക്കുന്ന എതിരില്ലാത്ത നേതാവാണ്.

ജനപ്രീതിയിലും റഷ്യയിൽ പുടിനെ വെല്ലുന്ന മറ്റൊരു നേതാവുമില്ല എന്നതാണ് വാസ്തവം. ജോസഫ് സ്റ്റാലിനു ശേഷം റഷ്യ കണ്ട കരുത്തനായ നേതാവ് ആരെന്ന് ചോദിച്ചാല്‍ അത് വ്ലാഡിമിര്‍ പുടിന്‍ എന്നു പറയാം. ഇക്കഴിഞ്ഞ വര്‍ഷമായ 2018 ൽ ആറു വര്‍ഷം കൂടി അധികാരത്തിലിരിക്കാന്‍ ജനം അനുവദിച്ചതോടെ സ്റ്റാലിനെപ്പോലെ ദീര്‍ഘകാലം ഭരണത്തിലിരുന്ന നേതാവായി പുടിനും. 76 ശതമാനം ജനപിന്തുണയോടെയാണ് അദ്ദേഹം ഇപ്പോൾ ഇരുപതാം വര്‍ഷം അധികാരക്കസേരയില്‍ ഉറച്ചിരിക്കുന്നത്.

ലോക ചരിത്രത്തില്‍ ഇതുവരെ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ഇത്രയും കാലം ഒരു രാജ്യം ഭരിച്ച ഒരു രാഷ്ട്രത്തലവൻ ഉണ്ടായിട്ടില്ല. പണ്ട് നമ്മൾ ഇന്ത്യ എന്നാല്‍, ഇന്ദിരയെന്നും, ഇന്ദിര എന്നാല്‍ ഇന്ത്യയെന്നും വിളിച്ചത് പോലെ റഷ്യയെന്നാല്‍ പുടിന്‍ എന്നല്ല, ഇപ്പോള്‍ റഷ്യയും പുടിനും രണ്ടല്ല എന്ന സ്ഥിതിയാണുള്ളത് .

എല്ലാ നേതാക്കള്‍ക്കും ഒരു പാര്‍ട്ടിയുണ്ടാകും, യുണെറ്റഡ് റഷ്യന്‍ പാര്‍ട്ടിയാണ് പുടിന്‍റെ പാര്‍ട്ടിയെന്നും, അതിന്‍റെ ചെയര്‍മാന്‍ പുടിൻ തന്നെയാണെന്നും റഷ്യയിലെ 50 ശതമാനം ആളുകൾക്ക് അറിയില്ലെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് റഷ്യ എന്നാല്‍ പുടിനാണ്, അതിനയാളുടെ അയാളുടെ രാഷ്ട്രീയം അവിടുള്ള ജനങ്ങൾക്ക് അറിയേണ്ടതില്ല.

1952 ഒക്ടോബർ ഏഴിന് ഇപ്പോൾ സെന്‍റ് പീറ്റേഴ്സ്ബർഗ് എന്നറിയപ്പെടുന്ന ലെനിൻഗ്രാഡിൽ ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുടിന്‍റെ ജനനം. തന്‍റെ മുത്തച്ഛൻ സോവിയറ്റ് നേതാക്കളായ ലെനിന്‍റെയും സ്റ്റാലിന്‍റെയും പാചകക്കാരനായിരുന്നെന്ന് പുടിൻ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലെനിൻഗ്രാഡ് സർവകലാശാലയിൽ നിയമപഠനത്തിനുശേഷം 1975ൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ കെ ജി ബിയിൽ ഇന്‍റിലിജൻസ് ഓഫിസറായി. കെ ജി ബി പരിശീലനത്തിനുശേഷം ലെനിൻഗ്രാദിൽ വിദേശികളെയും, നയതന്ത്രപ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്. 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിന്‍ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിയ്ക്കപ്പെട്ടു.
ഇന്‍റിലിജൻസ് വിഭാഗത്തിലെ ഉദ്യോഗകാലത്ത് ജർമന്‍,ഇംഗ്ലീഷ് ഭാഷകള്‍ പഠിച്ചു. 1991ൽ, ലെനിൻഗ്രാഡ് മേയറായി മൽസരിച്ച അനറ്റൊലി സോബ്ചകിന്‍റെ ഉപദേശകനായാണു രാഷ്ട്രീയ പ്രവേശം. ഇദ്ദേഹത്തിന്‍റെ മകളാണ് ഇക്കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പുടിന്‍റെ എതിർസ്ഥാനാർഥികളിലൊരാളായിരുന്ന സെനിയ സോബ്ചക്. അനറ്റൊളി സോബ്ചക് അന്നത്തെ തിരഞ്ഞെടുപ്പു ജയിച്ചു മേയറായപ്പോൾ പുടിൻ രഹസ്യാന്വേഷണവിഭാഗം വിട്ടു. ഒരു മികച്ച ചാരനായി പ്രതിഭ തെളിയിച്ചുകഴിഞ്ഞാണ് രഹസ്യാന്വേഷണവിഭാഗം വിട്ടു പുടിൻ രാഷ്ട്രീയത്തിലിറങ്ങിയത്.

അനറ്റൊലി സോബ്ചകിന്‍റെ ഉപദേശകനായതിനുശേഷം ആറു വർഷം കഴിഞ്ഞ്, 1997ൽ പ്രസിഡന്‍റ് ബോറിസ് യെൽസിന്‍റെ കീഴിലുള്ള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി അദ്ദേഹം ഉദിച്ചുയർന്നു. 1999 ഓഗസ്റ്റിൽ യെൽസിൻ പുടിനെ റഷ്യൻ പ്രധാനമന്ത്രിയാക്കി. അതേവർഷം ഡിസംബറിൽ അപവാദങ്ങളെത്തുടർന്നു യെൽസിൻ അധികാരമൊഴിഞ്ഞപ്പോൾ അദ്ദേഹം ആക്ടിങ് പ്രസിഡന്‍റായി. 2000 മാർച്ചിൽ റഷ്യൻ പ്രസിഡന്‍റായി. 2004ൽ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ പ്രധാനമന്ത്രിയായി. 2012ൽ മൂന്നാം തവണയും 2018 ൽ നാലാം തവണയും പുടിൻ പ്രസിഡന്‍റ് പദവിയിലെത്തി.

ഈ ഇരുപതാം വർഷത്തിലും ഇന്ത്യയുമായുള്ള റഷ്യയുടെ സൗഹൃദം കാത്തുസൂക്ഷിക്കാൻ പുടിൻ ബദ്ധ ശ്രദ്ധാലുവാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പരമ്പരാഗതമായ, നൂറ്റാണ്ടുകൾ പഴക്കമുള്ള, പരസ്പരം പ്രയോജനപ്രദമായ ബന്ധമാണ് റഷ്യയുമായി നിലനിര്‍ത്തിപ്പോരുന്നത്. ആ ബന്ധത്തിന് യാതൊരു കോട്ടവും തട്ടാതെ സൂക്ഷിക്കാൻ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. റഷ്യയും ഇന്ത്യയും തമ്മിലുള്ളത് സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തമ്മില്‍ വളരെ അടുത്ത സൗഹൃദമായതിനാല്‍ ഉഭയകക്ഷി ബന്ധം ഇപ്പോൾ മുന്പെങ്ങുമില്ലാത്ത വിധം വളർന്നിട്ടുണ്ട് . 2018 ൽ സോചിയിൽ മോദിയും പുട്ടിനും തമ്മിൽ നടന്ന ഒരു അനൗപചാരിക കൂടിക്കാഴ്ച ഈ വളർച്ച പുഷ്ടിപ്പെടാൻ സഹായിച്ചു. ഈ കൂടിക്കാഴ്ച ഇന്ത്യയും റഷ്യയും തമ്മിലുള്ള ആശയവിനിമയത്തിന്‍റെയും സഹകരണത്തിന്‍റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു

പരമ്പരാഗതമായി, ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അഞ്ച് പ്രധാന ഘടകങ്ങളിൽ അധിഷ്ഠിതമാണ്: രാഷ്ട്രീയം, പ്രതിരോധം, ആണവോർജ്ജം , തീവ്രവാദ വിരുദ്ധ സഹകരണം, ബഹിരാകാശം എന്നിവയാണത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയതോടെ ഈ അഞ്ച് ഘടകങ്ങൾക്കുപുറമെ ആറാമതായി സാമ്പത്തിക ഘടകം കൂടി ഉരുത്തിരിഞ്ഞിട്ടുണ്ട്, ഇരു രാജ്യങ്ങളും 2025 ഓടെ ഉഭയകക്ഷി വ്യാപാരത്തിൽ 30 ബില്യൺ യുഎസ് ഡോളറിലെത്താനാണ് ലക്ഷ്യമിടുന്നത് . ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒരു സ്വതന്ത്ര വ്യാപാര കരാർ വികസിപ്പിക്കാൻ ശ്രമിക്കുകയാണ്.

ഇന്ത്യയും റഷ്യയും പല അന്താരാഷ്ട്ര സ്ഥാപനങ്ങളിലും അംഗത്വം പങ്കിടുന്നുണ്ട്, അവിടെ ഇരുരാജ്യങ്ങളും ദേശീയ താൽപ്പര്യങ്ങൾ പങ്കുവെക്കുന്നു. ഐക്യരാഷ്ട്രസഭ, ബ്രിക്സ്, ജി-20, തുടങ്ങിയവ ഈ ബന്ധങ്ങളിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി റഷ്യ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യ സ്ഥാപക അംഗമായ സാർക്ക് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിരീക്ഷക പദവിയോടെ ചേരാൻ റഷ്യ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

റഷ്യൻ പ്രതിരോധ വ്യവസായത്തിന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. 2017 ൽ ഇന്ത്യൻ സൈന്യത്തിന്‍റെ ഹാർഡ്‌വെയർ ഇറക്കുമതിയുടെ ഏകദേശം 68 ശതമാനത്തോളം റഷ്യയിൽ നിന്നാണ് വന്നത്, ഇത് റഷ്യയെ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ മുഖ്യ വിതരണക്കാരാക്കി.

സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള ആദ്യത്തെ പങ്കാളിത്തം ആരംഭിച്ചത് 2000 ൽ ആണ്. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ സന്ദർശിച്ച പുടിൻ ഒപ്പുവച്ച ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നാഴികക്കല്ലായിരുന്നു. വാജ്‌പേയി തുടങ്ങിവച്ച ആ ബന്ധം പിന്നീട് ഇന്ത്യ ഭരിച്ച മൻമോഹൻ സിങ്ങിലൂടെ ഇപ്പോൾ നരേന്ദ്ര മോദിയിലെത്തിനിൽക്കുന്നു. പുടിനുമായി വളരെ ഗാഢമായ സൗഹൃദമാണ് നരേന്ദ്ര മോദി പുലർത്തുന്നത്. മറ്റേത് രാഷ്ട്രത്തലവന്മാരെക്കാളും പുടിന് അടുപ്പം നരേന്ദ്ര മോദിയുമായിട്ടാണെന്ന് നിസംശയം പറയാം.

ഇക്കഴിഞ്ഞ ഏപ്രിലിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡര്‍ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം നരേന്ദ്ര മോദിക്ക് നൽകിയത് ഈ സൗഹൃദത്തിന്‍റെ തെളിവാണ്. റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തിയതിനാണ് റഷ്യ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് പരമോന്നത ബഹുമതി നല്‍കാൻ തീരുമാനിച്ചത്. വ്ളാഡിമിര്‍ പുടിൻ ഒപ്പുവെച്ചിരിക്കുന്ന പുരസ്കാരമാണിത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്‍റെ അടിത്തറ ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും, പരസ്പര സഹകരണം ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഗുണകരമാകുമെന്നും പുരസ്‌കാര പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ഏറ്റവും ഒടുവിലായി ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞപ്പോള്‍ റഷ്യ അതിനെ പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. തുടർച്ചയായി ഇരുപതാം വര്‍ഷം റഷ്യയുടെ ഭരണചക്രം തിരിക്കുന്ന പുടിനും തന്‍റെ രണ്ടാം വട്ടവും വർധിത വീര്യത്തോടെ അതികാരത്തിലേറിയ നരേന്ദ്രമോദിയും തമ്മിലുള്ള ഈ ഉറ്റസൗഹൃദം ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധവും നയതന്ത്രബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകമാകും.

Related Articles

Latest Articles