നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം തടവിനൊപ്പം 14 വര്‍ഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. ബ്രഹ്‌മോസ് എയറോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് നാഗ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകളും ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളും പ്രകാരമാണ് ശിക്ഷ. ബ്രഹ്‌മോസിലെ മിസൈല്‍ സെന്ററില്‍ സാങ്കേതിക ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കാലയളവിൽ ഇയാൾ ബ്രഹ്‌മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് ചോർത്തി നൽകുകയായിരുന്നു
കേസിൽ 2018-ലാണ് നിശാന്ത് അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് നിശാന്തിനെ പിടികൂടിയത്.
വിചാരണ തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നാഗ്പുര്‍ കോടതി വിധി പ്രസ്താവിച്ചത്.

