മലപ്പുറം: കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ രണ്ടര വയസുകാൻ മരിച്ചു. മലപ്പുറം വാഴക്കാട് അസം സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോല ആണ് സംഭവത്തിൽ മരിച്ചത്. ചീക്കോട് വാവൂർ എ എം എൽ പി സ്കൂളിന് സമീപത്തെ പശു ഫാമിലെ ചാണകക്കുഴിയിലാണ് അൻമോല വീണത്.
ഫാമിൽ പശുക്കളെ പരിപാലിക്കുന്ന ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

