തിരുവനന്തപുരം: ഐ എ എസ് തലപ്പത്തെ തമ്മിൽപ്പോര് വീണ്ടും കേരളത്തിൽ വാർത്തയാകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐ എ എസും മാതൃഭൂമിയും തനിക്കെതിരെ വ്യാജവാർത്ത സൃഷ്ടിക്കുന്നു എന്ന ആരോപണവുമായി കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്ത് ഐ എ എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എൻ പ്രശാന്ത് പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ കാണാറില്ലെന്നും വ്യാജ ഹാജർ രേഖപ്പെടുത്തിയെന്നും അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതായി വാർത്ത വന്നിരുന്നു. തന്റെ ഭാഗം കേൾക്കാതെ ഫീൽഡ് വിസിറ്റുകളിലും മീറ്റിങ്ങുകളിലും രേഖപ്പെടുത്താറുള്ള അദർ ഡ്യൂട്ടിയെയാണ് മാതൃഭൂമി പത്രത്തിന്റെ സഹായത്തോടെ ഡോ ജയതിലക് വ്യാജ ഹാജർ ആക്കിയതെന്നും പോസ്റ്റിൽ ആരോപിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നും അത് ഉടൻ വെളിപ്പെടുത്തുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഡോ ജയതിലക് ഐ എ എസിന്റെ ഫോട്ടോ സഹിതമാണ് അതിരൂക്ഷ വിമർശനം.
എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന IAS ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത മാതൃഭൂമി ഇന്നും എനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ട് – എന്നത്തെയും പോലെ, എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ. 😝
ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ ‘അദർ ഡ്യൂട്ടി’ മാർക്ക് ചെയ്യുന്നതിനെ ‘ഹാജർ ഇല്ല’ എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.
എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് IAS എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…

