Monday, April 29, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ഗത്യന്തരമില്ലാതെ സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ; ശക്തമായ സമ്മർദ്ദത്തിനൊടുവിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി സർക്കാർ; നിർണായകമായത് ദേശീയ ആന്റി റാഗിങ്ങ് സെല്ലിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: എസ് എസ് ഐയുടെ മൃഗീയ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദാർത്ഥി സിദ്ധാർത്ഥിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. ഇന്ന് സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു. കേസിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയ‍ര്‍ത്തുന്നത്.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. സർവകലാശാലയിൽ നടന്നത് ക്രൂരമായ പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ട് ഉറപ്പിക്കുന്നത്.

സിദ്ധാർത്ഥിന് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു, 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചു, സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥിനെ നടത്തിച്ചെന്നും പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്.

Related Articles

Latest Articles