Sunday, May 19, 2024
spot_img

വിരലടയാളം ചതിച്ചു!; സൗദി അറേബ്യയില്‍ പരിശോധനയില്‍ കുടുങ്ങി പ്രവാസി മലയാളി

റിയാദ്: അപ്രീതീക്ഷിതമായ വിരലടയാളത്തിൽ കുടുങ്ങി പ്രവാസി മലയാളി.സൗദി അതിര്‍ത്തിയിലെ
പരിശോധനയിലാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസി കുടുങ്ങിയത്. പതിനെട്ട് വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളിയാണ് പിടിയിലായത്.

വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസിയായ മലയാളി, അവിടെ നിന്ന് റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് ഉംറയ്ക്ക് എത്തിയതായിരുന്നു. സാല്‍വ ചെക് പോസ്റ്റില്‍ വിരലടയാളം എടുത്തപ്പോഴാണ് ഇയാളുടെ പേരില്‍ കേസുള്ള വിവരം അറിയുന്നത്. 18 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഇതോടെ കൊലപാതക കേസായി മാറി. കേസിലെ എട്ടാം പ്രതിയാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പിന്നീടും നിരവധി തവണ നാട്ടിലേക്ക് പോകുകയും പാസ്പോര്‍ട്ട് പുതുക്കുകയും ചെയ്തിരുന്നു.

കേസ് ഇന്‍റര്‍പോളിന് കൈമാറിയിരുന്നു. കുറ്റവാളികളെ കൈമാറാനുള്ള ധാരണാപത്രം ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇയാളെ കേസ് നടപടികള്‍ക്കായി ഇന്ത്യയിലേക്ക് അയയ്ക്കും. കൊലക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കോടതി വിട്ടയച്ചിരുന്നു. വിചാരണ വേളയില്‍ ഹാജരാകാത്തതാണ് പ്രവാസി മലയാളിക്ക് കുരുക്കായത്.

Related Articles

Latest Articles