നവിമുംബൈ: പൻവേലിലെ വീട്ടിൽ വൻ തീപിടിത്തം. അപകടത്തിൽ ഉടമസ്ഥന് ദാരുണാന്ത്യം. കത്തികൊണ്ടിരുന്ന വീട്ടിൽ തന്റെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷമാണ് കേബിൾ ഓപ്പറേറ്റർ മരിച്ചത്. പൻവേലിലെ അകുർലി ഗ്രാമത്തിലാണ് ദാരുണസംഭവമുണ്ടായത്. രാജേഷ് താക്കൂർ എന്ന 40കാരനാണ് മരിച്ചത്. 16, 18 വയസ്സുള്ള തന്റെ പെൺമക്കളെയും 11 വയസ്സുള്ള മകനെയും രക്ഷപ്പെടുത്തിയ ശേഷം പ്രധാനപ്പെട്ട ചില രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
രാവിലെ ഏഴ് മണിയോടെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയാണ് താക്കൂർ കിടന്നിരുന്നത്. ഒന്നാം നിലയിലെ മുറികളിലായിരുന്നു മക്കൾ കിടന്നിരുന്നത്. ഭാര്യ അവരുടെ വീട്ടിലായിരുന്നു. തീപിടിത്തം ഉണ്ടായതോടെ താക്കൂർ തന്റെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വീടിന് തീപിടിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ചു. തുടർന്ന് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പ്രധാന രേഖകൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് താക്കൂർ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്.
രാവിലെ 7.40 ഓടെ അഗ്നിശമന സേനയെത്തുമ്പോഴേക്കും ബംഗ്ലാവിന്റെ രണ്ടാം നിലയായ ഡ്രീം ഹോം പൂർണമായും കത്തിനശിച്ചിരുന്നു. രാത്രി മുഴുവൻ ചാർജിംഗിനായി സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പിൽ താക്കൂർ പ്രവർത്തിക്കുകയായിരുന്നു. അമിതമായി ചാർജ് ചെയ്ത ലാപ്‌ടോപ്പ് ബാറ്ററി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്ത കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. പോലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

