തൃശൂർ: പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ 16-കാരിയായ പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. തൃശൂർ റെയിൽവേ പോലീസാണ് ആദ്യം കേസെടുത്തത്. നിലവിൽ കേസ് എറണാകുളം റെയിൽവേ പോലീസിന് കൈമാറി. കണ്ടാലറിയുന്ന 6 പേർക്കെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. പ്രതികളെല്ലാം 50 വയസ്സിനു മുകളിലുള്ളവരാണ്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചുവെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഗുരുവായൂര്‍ എക്സ്പ്രസില്‍ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന 16കാരിക്കും പിതാവിനുമാണ് സഹയാത്രികരില്‍ നിന്നും ദുരനുഭവമുണ്ടായത്.
കാര്യാട്ടുകര സ്വദേശിക്കും മകൾക്കുമെതിരെയായിരുന്നു അതിക്രമം. ശനി രാത്രി 7.50ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ആണു സംഭവങ്ങളുടെ തുടക്കം. തൃശൂരിലേക്കു പോകാൻ സൗത്ത് സ്റ്റേഷനിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ ദലിത് കുടുംബത്തിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ട്രെയിന്‍ എറണാകുളത്ത് നിന്നും പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഘ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും ചെയ്തതോടെ പിതാവ് തടയാന്‍ ശ്രമിച്ചു. പിതാവിനെ കയ്യേറ്റം ചെയ്ത സംഘം ട്രെയിനില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെയും അക്രമിസംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.റെയില്‍വേ ഗാര്ഡിനോടു പരാതി പറഞ്ഞെങ്കിലും പോലീസിനെ അറിയിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്. തൃശൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപാടെ പിതാവും മകളും റെയില്‍വേ പോലീസിനു പരാതി നല്കി.
ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ഈസ്റ്റ് പോലീസ് ഇവരെ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ അധികൃതർ കേസ് റജിസ്റ്റർ ചെയ്തു. പോക്സോയ്ക്കു പുറമേ ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചേർത്തു. സംഭവം നടന്നത് എറണാകുളത്തായതിനാൽ കേസ് അവിടേക്കു കൈമാറിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണു വിവരം.

