Monday, June 17, 2024
spot_img

വെളിച്ചെണ്ണ ഫാക്ടറിയില്‍ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

ആലപ്പുഴ: ചുങ്കത്തെ പ്രശസ്തമായ ബാബു ഓയില്‍ മില്‍സില്‍ (ചന്ദ്രാ ഓയില്‍ മില്‍സ്) വന്‍ തീപിടിത്തം. വെളിച്ചെണ്ണ മില്‍ പൂര്‍ണമായും കത്തിനശിച്ചു.ആളപായമില്ല. മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയും കൊപ്രയും മില്ലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു. ജീവനക്കാര്‍ എത്തുന്നതിന് മുന്‍പായിരുന്നു തീപിടിത്തം. അതിനാലാണ് ആളപായം ഒഴിവായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ആലപ്പുഴ, ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ ഏഴു യൂണിറ്റുകളെത്തി പത്തു മണിയോടെയാണ് തീയണച്ചത്. നിരവധി ഓയില്‍ മില്ലുകളുണ്ടായിരുന്ന ചുങ്കത്ത് അവശേഷിച്ചിരുന്ന ഏക മില്ലാണിത്. രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്ക് വെളിച്ചെണ്ണ നല്‍കുന്നതും ബാബു ഓയില്‍ മില്ലായിരുന്നു. നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്.

ഏഴുപത്തഞ്ച് വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഓയില്‍ കമ്പനിയാണ് ഇത്. ഒരു കാലത്ത് കൊപ്രാ കേവ് വള്ളങ്ങളില്‍ എത്തിച്ച്‌ സംസ്‌കരിച്ചു ആട്ടി ഓയിലാക്കി കൊടുക്കുന്ന രീതിയായിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. പ്രധാന വ്യാപാരകേന്ദ്രമായിരുന്ന ആലപ്പുഴയുടെ പ്രതാപകാലത്തിന്റെ അവശേഷിപ്പാണ് അഗ്നിബാധയില്‍ നിലംപൊത്തിയത്. പരേതനായ ചുങ്കം തിരുമല വാര്‍ഡില്‍ എ.വി. ജനാര്‍ദനന്‍ വൈദ്യരായിരുന്നു ഓയില്‍ മില്ലിന്റെ ഉടമ.

Related Articles

Latest Articles