മൂവാറ്റുപുഴ : സംസ്ഥാനത്തുനിന്ന് ടൺ കണക്കിന് ചക്ക അതിർത്തി കടന്ന് വിപണികൾ കീഴടക്കുമ്പോഴും പണിയെടുത്ത കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വിലയാണ്. ചെറുകിട കച്ചവടക്കാർ ഒരു ചക്കയ്ക്ക് 30 രൂപയാണ് ഉടമയ്ക്ക് നൽകുന്നത് . ചെറുതും വലുതുമായ എല്ലാ ചക്കയ്ക്കും ഒരേ വിലയാണ് ഇവർ നൽകുന്നത് . 3 വർഷം മുൻപ് ഒരു ചക്കയ്ക്ക് 100 രൂപ വരെ ലഭിച്ചിരുന്നു. ഒരു ചക്കയ്ക്ക് സൂപ്പർ മാർക്കറ്റിലോ മറ്റു വിപണികളിലും 500 രൂപയ്ക്കു മുകളിലാണ് ഈടാക്കുന്നത്. തമിഴ്നാട്ടിൽ ചക്കയുടെ ചുള എണ്ണിയാണു വിൽക്കുന്നത്. ചക്കക്കുരുവിനും തീവിലയാണ് 60 മുതൽ 80 രൂപ വരെയാണ് വില.
വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നം ആയി ചക്ക നാടു കടക്കുമ്പോൾ ലാഭം കൊയ്യുന്നത് ഇടനിലക്കാരും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാതാക്കളും ആണ്. ഒരു ടൺ ചക്കയ്ക്ക് 7,000 രൂപ മാത്രമാണ് കര്ഷകന് ലഭിക്കുന്നത്. കോവിഡിനു മുൻപ് 18,000 രൂപ വരെ ലഭിച്ചിരുന്നു. കോവിഡിനെ തുടർന്ന തളർച്ച ബാധിച്ച ചക്ക കയറ്റുമതി ഈ വർഷം മുൻകാലങ്ങളെ അപേക്ഷിച്ചു വലിയ തോതിൽ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

