തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് ക്രമസമാധാന പ്രശ്നങ്ങള് മുതല് മിത്ത് വിവാദം വരെയുളളവ ചർച്ചയാകും. വിവാദ വിഷയങ്ങളില് മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും. അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കും മുന് സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് കൂടിയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഒന്നാം നിരയിലെ ഉമ്മന്ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള് പുനഃക്രമീകരിക്കും.
മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്, ഇ ശ്രീധരന് നല്കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ഇത്തവണത്തെ സമ്മേളനത്തില് ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്ക്ക് പ്ലസ് വണ് സീറ്റ് ലഭിക്കാതിരുന്നതും,മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ബില്, അബ്കാരി ഭേദഗതി ബില് അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്. മിത്ത് വിവാദത്തിൽ സ്പീക്കർക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും.
മിത്ത് വിവാദത്തിൽ മാപ്പ് പറയാൻ ഇതുവരെയും തയ്യാറാകാത്ത സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരൻ അടക്കമുള്ള ബി ജെ പി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തുട്ടുണ്ട്. വിഷയത്തിൽ ബി ജെ പി കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിയമസഭക്ക് മുന്നിൽ നാമ ജപ യാത്ര നടത്താൻ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.

