Friday, October 23, 2026

ചാന്ദ്രയാൻ -3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ; റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റ് പ്രക്രിയ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ

ചാന്ദ്രയാന്‍-3 ആദ്യമായി പകർത്തിയ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാതായി സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ഇന്ന് ചിത്രം പുറത്തു വിട്ടത്. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തും. 18 ദിവസങ്ങള്‍ക്കപ്പുറം പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യും. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു.

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ പേടകം ഇന്ന് രാത്രി പതിനൊന്ന് മണിയോടെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റെന്ന പ്രക്രിയയിലൂടെ കടന്നു പോകും. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയര്‍ത്തിയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. ഈ വാരത്തോടെ ചന്ദ്രനുചുറ്റും 5-6 സർക്കിളുകൾ പൂർത്തിയാക്കുന്ന പേടകം തുടർന്നുള്ള 10 ദിവസത്തിനുള്ളിൽ, ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ കൃത്യമായ ലാൻഡിംഗ് സ്പോട്ട് പേടകം തിരിച്ചറിയും. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23 ന് വൈകുന്നേരം 5:47 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കും, എന്നാൽ ചന്ദ്രന്റെ ഉദയത്തെ അടിസ്ഥാനമാക്കി സമയം മാറിയേക്കാം. കാലതാമസം നേരിട്ടാൽ, ഐഎസ്ആർഒ സെപ്തംബറിൽ ലാൻഡിംഗ് പുനഃക്രമീകരിക്കും

Related Articles

Latest Articles