Wednesday, May 15, 2024
spot_img

രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി; രണ്ട് പരിശോധനാഫലവും നെഗറ്റീവ് ; ഡിസ്ചാര്‍ജ് ഇന്ന്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടാം തിയതി യുഎഇയില്‍ നിന്നും വന്ന യുവാവിന് 14-നാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

കൊല്ലം സ്വദേശിയായ ആദ്യ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles