തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ വിരുദ്ധ റെയ്‌ഡ് പുരോഗമിക്കുന്നു. കരമന നേമം ഭാഗത്ത് ചില വീടുകളിൽ പരിശോധന നടത്തി. റെയ്‌ഡ് വാർത്ത പരന്നതോടെ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെല്ലാം മറ്റ് ജില്ലകളിലേക്ക് സ്ഥലം വിട്ടു. തുടർന്നാണ് റെയ്‌ഡ് സംസ്ഥാന വ്യാപകമാക്കാൻ തീരുമാനമെടുത്തത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ജയിൽ മോചിതനായ ഗുണ്ട, പാർട്ടി നടത്തിയതായ വാർത്ത പുറത്തുവന്നിരുന്നു. കഞ്ചാവ് കേസിലെ പ്രതികളും കാപ്പ കേസിലെ പ്രതികളും അടക്കം അറുപതോളം ഗുണ്ടകൾ പാർട്ടിയിൽ പങ്കെടുത്തു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അമ്പൂരിയിൽ ഇന്നലെ ഗുണ്ടാ ആക്രമണം നടന്നിരുന്നു. അമ്പൂരിയിൽ ഒരു പാസ്റ്ററെ ഗുണ്ടകൾ ഇന്നലെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കരമനയിൽ ഒരു യുവാവിനെ നടുറോഡിൽ ഗുണ്ടാ സംഘം കഴിഞ്ഞയാഴ്ച തല്ലിക്കൊന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ഗുണ്ടാ വിരുദ്ധനീക്കം.
അതേസമയം ഗുണ്ടാ ആക്രമണങ്ങളെ നേരിടുന്നതിൽ ഓപ്പറേഷൻ ആഗ് വലിയ പരാജയമാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇതിന് മുന്നേ പലതവണ ഈ നീക്കം പോലീസ് നടത്തിയിരുന്നതാണ്. എന്നാൽ രാഷ്ട്രീയ സ്വാധീനം കാരണം ഗുണ്ടകൾ വീണ്ടും സമൂഹത്തിന് ഭീഷണിയായി ഉയർന്നുവരുന്നു. ഗുണ്ടാ സംഘങ്ങളുടെ സാമ്പത്തിക സ്രോതസും രാഷ്ട്രീയ സ്വാധീനവും ഇല്ലാതാക്കാൻ കഴിയാതെ അവരെ ഉപയോഗിക്കുന്ന ആളുകളിലേക്ക് അന്വേഷണം നീളാതെ തീക്കാറ്റ് ഓപ്പറേഷനുകൾ ഫലവത്താകില്ലെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.

