Friday, June 7, 2024
spot_img

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചീറ്റപ്പുലികളുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ദില്ലി: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചീറ്റപ്പുലികളുടെ ഫസ്റ്റ് ലുക്ക് വാർത്താ ഏജൻസിയായ എഎൻഐ ഇന്ന് ട്വിറ്ററിൽ പങ്കുവച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് ചീറ്റകൾ ഒരു മരത്തിനടിയിൽ വിശ്രമിക്കുന്നത് കാണാം.

ഇന്ത്യയും നമീബിയയും തമ്മിൽ ഈ വർഷം ആദ്യം ഒപ്പുവച്ച കരാർ പ്രകാരം മധ്യപ്രദേശിലെ കുനോ-പൽപൂർ ദേശീയ ഉദ്യാനം (കെപിഎൻപി) നാളെ എട്ട് ചീറ്റകളെ സ്വാഗതം ചെയ്യും. ഒരു പെൺ ചീറ്റയും ഒരു ടീമായി ഒരുമിച്ച് വേട്ടയാടുന്ന രണ്ട് സഹോദരന്മാരും ഉൾപ്പെടെ എട്ട് ചീറ്റകളാണ് ഇന്ത്യയിലേക്ക് വരുന്നത്.

ചീറ്റകളെ പ്രത്യേക കാർഗോ വിമാനത്തിൽ രാജ്യത്തേക്ക് കൊണ്ടുവരുമെന്നും അന്നുതന്നെ ദേശീയ ഉദ്യാനത്തിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ആസൂത്രണം ചെയ്തിരുന്നതുപോലെ ചരക്ക് വിമാനം ഇപ്പോൾ ജയ്പൂരിന് പകരം ഗ്വാളിയോറിൽ നേരിട്ട് ഇറങ്ങും. തീരുമാനം സമയം ലാഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

ചീറ്റയെ കൊണ്ടുവരാൻ വായു സഞ്ചാര സൗകര്യമുള്ള പ്രത്യേക തടി കിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി 1952 സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Related Articles

Latest Articles