Friday, September 18, 2026

പേരാമ്പ്രയിലെ അനു കൊലക്കേസ് !അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു ; മുഖ്യപ്രതി മുജീബ് റഹ്മാന്റെ ഭാര്യ കേസിൽ രണ്ടാം പ്രതി

കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 5000 പേജുള്ള കുറ്റപത്രമാണ് പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ അന്വേഷണ സംഘം സമർപ്പിച്ചത്. മുഖ്യപ്രതി കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന് എതിരെ കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച മുജീബ് റഹ്മാൻ്റെ ഭാര്യയാണ് കേസിൽ രണ്ടാം പ്രതി.

2024 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. പിറ്റേദിവസം പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പഴ്സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.അനു ഒരു ബൈക്കിൽ കയറിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ.

എന്നാൽ മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് മൃതദേഹം കിടന്നത് സംശയമുണ്ടാക്കി. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലാക്കുകയായിരുന്നു . പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.

Related Articles

Latest Articles