Sunday, May 19, 2024
spot_img

പള്ളികളിൽ സർക്കുലർ; വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപതയുടെ ആഹ്വാനം; തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സർക്കുലറിൽ ഉന്നയിക്കുന്ന ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നൽകി മാറ്റി പാർപ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ മൂലം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപൊഴി ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് സര്‍ക്കുലറിലെ ആവശ്യങ്ങള്‍. ന്യായമായ ആവശ്യങ്ങൾ നേടി എടുക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ സര്‍ക്കുലറില്‍ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും സർക്കുലറിൽ ആരോപിക്കുന്നു.

ഈ മാസം 17-ാം തിയതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിക്കും. ഉപരോധ സമരത്തിന്റെ 20-ാം ദിനമായ ഇന്ന് പ്രാർത്ഥന ദിനമായി ആചരിക്കും. നാളെ മുതൽ തുറമുഖ കവാടത്തിൽ തന്നെ ഉപവാസ സമരവും തുടങ്ങും. ആർച്ച് ബിഷപ്പിന്റെയും മുൻ ആർച്ച് ബിഷപ്പിന്റെയും നേതൃത്വത്തിലാണ് നാളെ ഉപവാസസമരം. തുറമുഖത്തിനെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാവർത്തിക്കുകയാണ് ലത്തീൻ അതിരൂപത.

Related Articles

Latest Articles