മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായിരിക്കുകയാണ്. യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കൊലനടത്തിയ ശേഷം ആദ്യം മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീടാണ് മൃതദേഹം കുഴിച്ചിട്ടത്. 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്. വിഷ്ണുവിന്റെ വീട്ടില്‍ വെച്ചാണ് സുജിതയെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിൻ്റെ മൊഴിയിൽ പറയുന്നു.
കൊലപാതകം നടത്തിയശേഷം അന്ന് ഉച്ചയ്ക്ക് ജുവലറിയില്‍ പോയി വിഷ്ണു സുജിതയുടെ സ്വര്‍ണം പണയം വെക്കുകയും, പണം വീതം വെച്ച് കൂട്ടുപ്രതികള്‍ക്കെല്ലാം നല്‍കുകയും ചെയ്തു. തുടര്‍ന്ന് രാത്രി പ്രതികള്‍ ഒത്തുകൂടി വീടിനു സമീപത്തെ മാലിന്യക്കുഴി വിപുലീകരിച്ച് മൃതദേഹം മണ്ണിട്ടു മൂടി. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനായി പ്രതികള്‍ അവിടെ മെറ്റല്‍ പൊടിയും മറ്റും കൂട്ടിയിട്ടിരുന്നുവെന്ന് മലപ്പുറം എസ്പി വ്യക്തമാക്കി. ദൃശ്യം മോഡലില്‍ വളരെ ആസൂത്രിതമായാണ് കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി യുവതിയെ കുഴിച്ചിട്ടതിന്റെ മുകളില്‍ ബാത്‌റൂം കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ഹോളോബ്രിക്‌സ്, മെറ്റല്‍, എം സാന്‍ഡ് തുടങ്ങിയവ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ ഇറക്കിയിരുന്നു. ഗൂഢാലോചനയോടെ നടത്തിയ കൃത്യമാണ് ഇതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
യുവതിയെ കൊലപ്പെടുത്തിയതും കട്ടിലിന് അടിയില്‍ ഒളിപ്പിച്ചതും കുഴിച്ചിട്ടതും അടക്കമുള്ള കാര്യങ്ങള്‍ വിഷ്ണുവിന്റെ അച്ഛന് അറിയാമായിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് ഉണ്ടെന്നും എസ്പി സുജിത് ദാസ് അറിയിച്ചു.

