തൃശ്ശൂർ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലും ഓഫിസിലും അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീടുകളിലും കേന്ദ്ര ഏജൻസിയായ ഇ ഡി യുടെ റെയ്‌ഡ് തുടരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് ഇ ഡി യുടെ നടപടി. രാവിലെ 07:30 ഓടെ അതീവ രഹസ്യമായിട്ടാണ് ഇ ഡി ഓപ്പറേഷൻ തുടങ്ങിയത്. മൊയ്തീൻ പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘം വീട് വളയുകയായിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം വാങ്ങിക്കൂട്ടിയെന്നും വലിയ ലാഭത്തിൽ മറിച്ചു വിറ്റതായും ഇ ഡി ക്ക് തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ട്.
കേസിൽ പ്രധാന പരാതിക്കാരനായ മുൻ സിപിഎം നേതാവായ സുജേഷ് കണ്ണാട്ടിനെ ഇ ഡി കൊച്ചി ഓഫീസിൽ രാവിലെ 05:00 ന് വിളിച്ചു വരുത്തിയിരുന്നു. സുജേഷിനെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുകയും സമാന്തരമായി തെളിവുകൾ റെയ്‌ഡിൽ കണ്ടെത്തുകയും ചെയ്യുക എന്ന രീതിയിലാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. കൂടാതെ മുൻ ബാങ്ക് മാനേജരും മൊയ്തീന്റെ അടുപ്പക്കാരനും പാർട്ടി നേതാവുമായ ബിജു കരീം, ചില ഐ എ എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മൊയ്തീനെതിരെ മൊഴി നൽകിയതായാണ് സൂചന. ഇങ്ങനെ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മുതലെടുത്ത് തന്ത്രപരമായി തെളിവുകൾ കൈക്കലാക്കിയാണ് സി പി എമ്മിന്റെ ജില്ലയിലെ ശക്തനായ നേതാവിലേക്ക് ഇ ഡി എത്തിയത്. സംസ്ഥാന സർക്കാർ അന്വേഷണ ഏജൻസികൾ അന്വേഷണം അട്ടിമറിക്കുകയും തട്ടിപ്പ് 125 കോടിയിലൊതുക്കുകയും ചെയ്തുവെന്ന പരാതിക്കിടയിലാണ് എ സി മൊയ്തീനിലെക്ക് കേന്ദ്ര ഏജൻസി എത്തിയത്. ഇ ഡി യുടെ ഈ നീക്കത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിക്ഷേപ തട്ടിപ്പ് ആയിരം കോടി കടക്കുമെന്നും സംസ്ഥാന പോലീസ് പ്രതികളെന്ന് കണ്ടെത്തിയവർ മാത്രമല്ല പ്രതികളെന്നും ഉന്നതർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ഇ ഡി പറഞ്ഞിരുന്നു. കോടിക്കണക്കിന് രൂപയുടെ ബിനാമി ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് സൂചന. മെയ്തീന്റെ സുഹൃത്തുക്കളുടെ വീടുകളിലും ഒരേ സമയം നടക്കുന്ന റെയ്ഡുകൾ ഇതിന്റെ സൂചനയാണ്. അനധികൃത ഇടപാടുകൾ വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്താൽ ഒരു പക്ഷെ അറസ്റ്റിനും സാദ്ധ്യതയുണ്ട്. ബാങ്കിൽ നിന്നും സഹകാരികളുടെ പണമെടുത്ത് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, വാങ്ങിക്കൂട്ടിയ ഭൂമി, മറിച്ചു വിറ്റതിന്റെ വിവരങ്ങൾ എല്ലാം കൊച്ചി ഓഫീസിൽ സുജേഷ് കണ്ണാട്ട് നൽകിയെന്നാണ് വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും റെയ്‌ഡ് തുടരുകയാണ്.

