Monday, June 17, 2024
spot_img

മരടിലെ ഫ്ലാറ്റ് പൊളിക്കൽ: ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പൊളിക്കപ്പെട്ട ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീംകോടതി.ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കള്‍ നേരത്തെ ജപ്തി ചെയ്തിരുന്നു. ഇവ ലേലം ചെയ്യുന്നതിന് മൂന്ന് മാസത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാരിന് കോടതി അനുവദിച്ചു.

അതേസമയം മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടിൽ അടുത്തമാസം 28ന് കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായ വിയോജിപ്പുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വിശദമായ വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

പൊളിച്ച ഫ്ലാറ്റിന്റെ ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയമ ലംഘനത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കി നല്‍കാന്‍ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Related Articles

Latest Articles