ആലപ്പുഴ : ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണി ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ചെന്ന വാർത്തയ്ക്കെതിരെ എസ്എഫ്ഐ നേതാവ് ചിന്നു രംഗത്തു വന്നു. തനിക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിലാണെന്നും എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും സിപിഎമ്മിനെയുംസംഭവത്തിൽ ബോധപൂർവം വലിച്ചിഴയ്ക്കുകയാണെന്നും ചിന്നു സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സ്കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന എസ്എഫ്ഐ വനിതാ നേതാവിനെ തന്റെ വിവാഹം മുടക്കാൻ ശ്രമിച്ചു എന്നാരോപിച്ച് മുൻ സുഹൃത്ത് കൂടിയായ ഡിവൈഎഫ്ഐ നേതാവ് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ചുവെന്നാണ് ഇന്നലെ വന്ന റിപ്പോർട്ട്. ഡിവൈഎഫ്ഐ ഹരിപ്പാട് ഏരിയ ജോയിന്റ് സെക്രട്ടറി അമ്പാടി ഉണ്ണിക്കെതിരെയാണു പരാതി ഉയർന്നത്. ഹെൽമറ്റുകൊണ്ട് ഉൾപ്പെടെ മർദിച്ചെന്നും കേരള സർവകലാശാല യൂണിയൻ ഭാരവാഹിയായ പെൺകുട്ടി നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തും ഇതുമായി ഒത്തുപോകുന്ന രീതിയിലാണ് മൊഴി നൽകിയിരുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തില്ല. സിപിഎം – ഡിവൈഎഫ്ഐ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് കേസ് ഒതുക്കി തീർത്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.
വനിതാ നേതാവ് സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വായിക്കാം
പ്രിയ്യപ്പെട്ടവരേ..
കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണ്.
അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ SFI യേയും DYFI യേയും CPI(M) നേയും ബോധപുർവ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്.
ഇത്തരത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല.
എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാൻ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്..

