Wednesday, December 31, 2025

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് പണം ലഭിച്ചു

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് പണം ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം എത്തിയതയാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായി. എറണാകുളം കളക്ട്രേറ്റില്‍ പ്രളയം ദുരിതാശ്വസ ഫണ്ട് സെല്ലിലെ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളക്ടറേറ്റിലെ ദുരിതാശ്വാസ പരിഹാര വിഭാഗത്തിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും അന്വേഷണ സംഘം പിടിച്ചെടുത്തു.

സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം എ.എം അന്‍വറിന്റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപ കൈമാറിയ കേസിലാണ് അറസ്റ്റ്. അന്‍വറും സഹായിയായ മഹേഷും ഒളിവിലാണ്. വിഷ്ണു പ്രസാദിനെ കളക്ട്രേറ്റിലും പണം കൈമാറിയ ഫെഡറല്‍ ബാങ്കിന്റെ തൃക്കാക്കര ശാഖയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പണം കൈമാറാനുള്ള രേഖകള്‍ തയാറാക്കിയ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെ വിഷ്ണു പ്രസാദിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പണം തട്ടിയെടുത്ത അന്‍വറിനെ സിപിഎമ്മും സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രളയ ധനസഹായമായി ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള അക്കൗണ്ടില്‍ നിന്നും അന്‍വറിനു അക്കൗണ്ടുള്ള അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്കാണ് തുക അയച്ചത്. ഇതില്‍ നിന്നും അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. അന്‍വറിന്റെ ഭാര്യ അയ്യനാട് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ്അംഗം കൂടിയാണ്. സംശയം തോന്നിയ ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണമുണ്ടായത്.വിഷ്ണു പ്രസാദിനെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍ നടപടികള്‍.

Related Articles

Latest Articles