ദില്ലി: പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാർ (Central Government). മഴക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനത്തിന് 50,000 ടൺ അരി നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സംസ്ഥാനത്തിന് ഉറപ്പ് നൽകി. ദില്ലിയിൽ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന് ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതൽ ലഭ്യമാക്കും. ഇത് നവംബർ മാസം മുതൽ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എൻ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്.
എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്ന് കൂടിക്കാഴ്ചയിൽ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽ നിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്‌ക്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

