ആലപ്പുഴ: കായംകുളം സ്കൂളിൽ നിന്നും കൊട്ടാരക്കര അംഗനവാടിയിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സാമ്പിൾ പരിശോധനാ ഫലം പുറത്ത് വന്നു. സ്കൂളിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയ; അങ്കണവാടിയിലെ അരിയിൽ പ്രാണികളും പൂപ്പലും
കായംകുളം സ്കൂളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചു. അരിയിൽ പ്രാണികളുടെ അവശിഷ്ടങ്ങളും മുളകിൽ പൂപ്പലും കണ്ടെത്തി.
കൊട്ടാരക്കര അങ്കണവാടിയിലെ കുട്ടികൾക്ക് വിതരണം ചെയ്ത അരി, പയർ, റവ എന്നിവയിലും പ്രാണികളെ കണ്ടെത്തി. സമാനമായ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റ വിഴിഞ്ഞം, കാസർകോട് സ്കൂളുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
സ്കൂൾ തുറന്നതിന് പിന്നാലെയാണ് കായംകുളം ടൗൺ ഗവ സ്കൂളിൽ 15 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. കൊട്ടാരക്കരയിൽ അങ്കണവാടി വിദ്യാർത്ഥികൾക്കും ഭക്ഷ്യ വിഷബാധയുണ്ടായിരുന്നു. ഇവിടെ നിന്നും 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി ആരോഗ്യ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

