Monday, May 20, 2024
spot_img

ഭക്ഷ്യവിഷബാധ: മല്ലപ്പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത എഴുപതോളംപേർ ആശുപത്രിയിൽ ;ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലെ മാമോദീസ ചടങ്ങുകളുടെ ഭാഗമായ വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയുമായി ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ നോൺ -വെജ് വിഭവങ്ങളും ചോറുമാണ് ഒരുക്കിയിരുന്നത് . ചെങ്ങന്നൂരില്‍നിന്നുള്ള കാറ്ററിങ് സ്ഥാപനത്തിനായിരുന്നു ആഹാരത്തിന്റെ ചുമതല നൽകിയിരുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ വിരുന്നില്‍ പങ്കെടുത്ത പലര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം.

സംഭവത്തില്‍ ഇന്ന് തന്നെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വിരുന്ന് സംഘടിപ്പിച്ചവര്‍ പറഞ്ഞു. അതേസമയം, മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തുവെന്നും അവിടെയൊന്നും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി .

Related Articles

Latest Articles