Monday, May 20, 2024
spot_img

ഫുട്‍ബോൾ ആവേശം കടലിനടിയിലും !!! കടലിനടിയിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകൻ‌

കവരത്തി : ലക്ഷദ്വീപിലെ കവരത്തിയിൽ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപൊരു പ്രഖ്യാപനം നടത്തി. കളിയിൽ അർജന്റീന ജയിച്ചാൽ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കും. സെമിയിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് ജയിച്ച് മെസ്സിപ്പട ഫൈനലിലെത്തി.

ഇപ്പോഴിതാ തന്റെ പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ചിരിക്കുകയാണ് സ്വാദിഖും സുഹൃത്തുക്കളും. അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കട്ടൗട്ട് അവർ സ്ഥാപിച്ചു കഴി‍ഞ്ഞു. ആഴക്കടലിനു തൊട്ടു മുൻപുള്ള ‘അദ്ഭുതമതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിൽ ആരാധകരുടെ മിശിഹാ തിളങ്ങി നിൽക്കുന്നു. സ്കൂബാ ടീമിന്റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.

കടലിനടയിലെ മെസ്സിയുടെ കട്ടൗട്ട് ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വൈറലാണ്. ലക്ഷദ്വീപിന്റെ അർജന്റീന സ്നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്ന് സ്വാദിഖ് പറഞ്ഞു . കവരത്തിയിലെ സർക്കാർ സ്കൂളിൽ കായികവിഭാഗത്തിലെ ജീവനക്കാരനാണ് സ്വാദിഖ്. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന വ്‌ളോഗർ കൂടിയാണ്.

Related Articles

Latest Articles