Sunday, May 19, 2024
spot_img

“ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കി ചൈനയ്ക്ക് ഒരു മാറ്റവും വരുത്താനാകില്ല; നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ട്” ; ചൈന പുറത്തിറക്കിയ ഭൂപടത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ദില്ലി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തങ്ങളുടേതെന്ന വാദമാണ് ചൈന പുതുതായി പുറത്തിറക്കിയ ഭൂപടത്തിലൂടെ വാദിക്കുന്നത്. തായ്‌വാനും തങ്ങളുടെ ഭാഗമാണെന്നാണ് ചൈനീസ് വാദം. ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കി
ചൈനയ്ക്ക് ഒരു മാറ്റവും വരുത്താനാകില്ലെന്നും നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ടെന്നുമാണ് എസ്. ജയ്‌ശങ്കർ പ്രതികരിച്ചിരിക്കുന്നത്. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“അവരുടേതല്ലാത്ത പ്രദേശങ്ങള്‍ ഉൾപ്പെടുത്തി ചൈന ഭൂപടങ്ങള്‍ പുറത്തിറക്കാറുണ്ട്. അത് അവരുടെ പണ്ടുതൊട്ടേയുള്ള ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ പുറത്തിറക്കി അവര്‍ക്കൊരു മാറ്റവും വരുത്താനാകില്ല. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സര്‍ക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങള്‍ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങള്‍ ഉന്നയിക്കരുത്” – എസ്. ജയ്‌ശങ്കർ പറഞ്ഞു.

ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ചൈന തങ്ങളുടെ ഭൂപടത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന തയ്‌വാന്‍, സൗത്ത് ചൈനാക്കടലിന്റെ വലിയ ഭാഗമാണെന്നവകാശപ്പെടുന്ന നയന്‍ ഡാഷ് ലൈൻ എന്നിവയും ചൈന പുറത്തിറക്കിയ ഭൂപടത്തിലുണ്ട്.

ഇന്നലെ പുറത്തിറക്കിയ ഭൂപടത്തിൽ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽപ്രദേശിനെയും 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ പ്രദേശത്തിന് പുറമെ തായ്‌വാനും തങ്ങളുടേതാണെന്നാണ് ചൈന വാദിക്കുന്നത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിങ് ആന്റ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയതെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോർട്ട് ചെയ്തു.

തായ്‌വാൻ, വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുന്നയിക്കുന്നു എന്നിരിക്കെ ഇവിടത്തെ ഭൂരിഭാഗം സ്ഥലവും തങ്ങളുടേതാണെന്നാണ് ചൈന ഭൂപടത്തിൽ വാദിക്കുന്നത്. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖല ഏതാണ്ട് പൂർണ്ണമായും ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11 ന് ഏകപക്ഷീയമായി ചൈന മാറ്റിയിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇപ്രകാരം പേര് മാറ്റിയവയിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം തന്നിഷ്ട പ്രകാരം ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.

Related Articles

Latest Articles