ദില്ലി : നൂഹ് കലാപത്തിനു പിന്നിൽ കോൺഗ്രസാണെന്ന ആരോപണവുമായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് രംഗത്ത് വന്നു . നൂഹ് കലാപവുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കവെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ ആരോപണം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ ഉണ്ടായ കല്ലേറിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.
കലാപവുമായി ബന്ധപ്പെട്ട് 510 പേർ അറസ്റ്റിലായെന്നും, കേസുകളുമായി ബന്ധപ്പെട്ട് 140 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തെന്നും അനിൽ വിജ് വെളിപ്പെടുത്തി.
‘‘നൂഹ് കലാപവുമായി ബന്ധപ്പെട്ട് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുമ്പോൾ 510 ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 140 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പലരേയും ചോദ്യം ചെയ്തതിൽനിന്നും കലാപത്തിനു പിന്നിൽ കോൺഗ്രസ് ആണെന്നു വ്യക്തമായിട്ടുണ്ട്. കലാപത്തിനു തൊട്ടുമുൻപ് കലാപം ബാധിച്ച പ്രദേശങ്ങൾ കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാൻ സന്ദർശിച്ചതിനു തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 30ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മാമ്മൻ ഖാന് നോട്ടീസ് നൽകി.’’–അനിൽ വിജ് വ്യക്തമാക്കി.
അതിനിടെ, നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിശബ്ദത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും രംഗത്ത് വന്നു.
‘‘കലാപവുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമല്ല, പല കോൺഗ്രസ് എംഎൽഎമാരും പ്രവർത്തിച്ചതായി സംശയമുണ്ട്. നൂഹ് വിഷയത്തിൽ കോൺഗ്രസ് നിശബ്ദത പാലിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട് യാതൊന്നും അവർ പറയുന്നില്ല. ആ നിശബ്ദത തന്നെ ദുരൂഹത ഉയർത്തുന്നതാണ്. കലാപവുമായി ബന്ധപ്പെട്ട് കൃത്യതയാർന്ന അന്വേഷണമാണ് നടക്കുന്നത്. കലാപത്തിനു പിന്നിൽ ആരാണ് എന്നത് പുറത്തുകൊണ്ടുവരും’’– ഖട്ടർ പറഞ്ഞു.

