Monday, December 29, 2025

കെ സി ബി സി മൃതദേഹം വച്ച് വിലപേശുന്നുവെന്ന് വനം മന്ത്രി; പ്രകോപനമല്ല, പ്രതികരണം പക്വതയോടെയെന്ന് കെ സി ബി സി; കാട്ടുപോത്താക്രമണത്തിൽ വിവാദം പുകയുന്നു

തിരുവനന്തപുരം: കണമല കാട്ടുപോത്താക്രമണത്തിൽ കെ സി ബിസി നിലപാടിനെതിരെ വനം മന്ത്രി എ കെ ശശീന്ദ്രൻ. മൃതദേഹവുമായി സമരം ചെയ്യുന്നത് മരണപ്പെട്ട വ്യക്തിയോടും കുടുംബത്തോടുമുള്ള അവഹേളനമാണെന്നും മൃതദേഹം വച്ച് വിലപേശുന്നത് ശരിയല്ലെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. പല സംഘടനകളുടെയും പ്രസ്താവനകൾ പ്രകോപനപരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ കാട്ടുപോത്താക്രമണത്തിൽ രണ്ടു പേർ മരിച്ചതിനെ തുടർന്നാണ് വലിയ പ്രതിഷേധം ഉണ്ടായത്. വന്യമൃഗത്തെ വെടിവയ്ക്കാനുള്ള ഉത്തരവ് വന്നതിനു ശേഷമാണ് പ്രതിഷേധത്തിൽ അയവു വന്നത്. ഈ സംഭവത്തെയാണ് വനം മന്ത്രി രൂക്ഷമായി വിമർശിച്ചത്. അതെ സമയം സഭയുടെ പ്രതികരണങ്ങൾ പ്രകോപനമായിരുന്നില്ലെന്നും പക്വതയോടെയാണ് പ്രതികരിച്ചതെന്നും കെ സി ബി സി പ്രതികരിച്ചു. മൃതദേഹങ്ങൾ വച്ച് പ്രതിഷേധിക്കുന്നതിനോട് സഭയ്ക്കും യോജിപ്പില്ലെന്നും എന്നാൽ സർക്കാർ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയാനുള്ള സംവിധാനമൊരുക്കണമെന്നും ആശങ്ക അറിയിക്കാനുള്ള അവകാശം സംഘടനക്കുണ്ടെന്നും കെ സി ബി സി വ്യക്തമാക്കി.

അതേസമയം ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങിയെന്ന് വനംവകുപ്പ്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലേക്കാണ് കാട്ടുപോത്ത് മടങ്ങിപ്പോയത്. കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വെക്കാമെന്ന് ഉത്തരവിൽ പറയുന്നു. പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരുന്നു.

Related Articles

Latest Articles