Friday, May 3, 2024
spot_img

സുഗന്ധഗിരി മരം മുറി കേസ് ! ബന്ധുവോട്ടല്ല കാരണം; ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ച നടപടിയെ ന്യായീകരിച്ച് വനംവകുപ്പ് മന്ത്രി

സുഗന്ധഗിരി മരം മുറി കേസിൽ വയനാട് സൗത്ത് ഡിഎഫ്ഒ എ. ഷജ്നയുടെ സസ്പെൻഷൻ മരവിപ്പിച്ച നടപടിയെ ന്യായീകരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് വനംമന്ത്രി പറഞ്ഞു.
“സസ്പെൻഷൻ വിഷയത്തിൽ ഡിഎഫ്ഒക്ക് കോടതിയെ സമീപിക്കാം. അപ്പോൾ സർക്കാരിന്റെ നടപടി കോടതി അസാധുവാക്കും. തെറ്റ് പറ്റിയാൽ അത് നമ്മൾ തന്നെ തിരുത്തുന്നതല്ലേ നല്ലത്.”- എ കെ ശശീന്ദ്രൻ ചോദിച്ചു.

വടകര മണ്ഡലത്തിൽ ബന്ധുബലമുള്ള ഡിഎഫ്ഒയുടെ സസ്‌പെൻഷൻ മരവിപ്പിച്ചത് എൽഡിഎഫിന് വോട്ടുകൾ നഷ്ടമാകുമെന്ന ഭയത്തെത്തുടർന്നാണ് എന്ന ആരോപണമുയർന്നിരുന്നു.

ഡിഎഫ്ഒയുടെ ജാഗ്രതകുറവ് മരംമുറിക്ക് കാരണമായെന്ന വനം വിജിലൻസിൻ്റെ കണ്ടെത്തലിനെത്തുടർന്നായിരുന്നു സസ്‌പെൻഷൻ നടപടി. വയനാട് സുഗന്ധഗിരി മരം മുറി കേസില്‍ ഷജ്നയ്ക്ക്പുറമെ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് . സെക്ഷന്‍ ഓഫീസര്‍ കെ കെ ചന്ദ്രന്‍, വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലന്‍ എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വകുപ്പ് തല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മുപ്പതോളം ജീവനക്കാര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള നടന്നത്. സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വീതം പതിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരം കൊള്ള നടന്നത്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണുള്ളത്. മരത്തടികള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles