Monday, June 17, 2024
spot_img

മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവർണറായും ആൻഡമാനിൽ ലഫ്. ഗവർണറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേരളത്തിൽ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎൽഎയുമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികം കാലംനിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു.

ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ആറ്റിങ്ങലിലെ വക്കത്താണ് അദ്ദേഹം ജനിക്കുന്നത്. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍നിന്ന് 1970,1977,1980,1982, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലെത്തി. 1971-77, 1980-81, 2001-2004 കാലയളവില്‍ സംസ്ഥാന മന്ത്രിസഭകളിലും അംഗമായി. 1971-77 കാലത്തെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായി.

1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു. 80 കളില്‍ പാര്‍ലമെന്റിലേക്ക് തട്ടകം മാറ്റിയ വക്കം 1984 മുതല്‍ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004-ലില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായി.

1993-96 കാലത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു. പ്രമുഖ അഭിഭാഷകനായിരുന്ന അദ്ദേഹത്തെ , ആര്‍.ശങ്കറാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കെത്തിക്കുന്നത്.

Related Articles

Latest Articles