കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.
1952-ൽ യു.വി. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി ആലുവ കൊങ്ങോരപ്പള്ളിയിലാണ് ജനനം. എംഎസ്എഫിലൂടെയും മുസ്‌ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയപ്രവേശം. 2001-ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006-ൽ വീണ്ടും മട്ടാഞ്ചേരിയിൽനിന്ന് എംഎൽഎയായി. 2011-ലും 2016-ലും കളമശ്ശേരിയിൽനിന്നും നിയമസഭയിലെത്തി.
2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. ഇക്കാലയളവിൽ നടന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹത്തിനെതിരേ അഴിമതിക്കേസ് ഉണ്ടായി.
നദീറയാണ് ഭാര്യ. അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂബ് എന്നിവർ മക്കളാണ്.

