Tuesday, May 21, 2024
spot_img

‘പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം; വിദ്യാർത്ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്” – മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സ്പീക്കറെ വേദിയിലിരുത്തി നിർത്തി പൊരിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജു

മലപ്പുറം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സ്പീക്കർ എ.എൻ. ഷംസീറിനെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജു. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്പീക്കറെ സ്തബ്ദനാക്കിയുള്ള കട്‌ജുവിന്റെ പ്രതികരണം. സ്പീക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായിട്ടായിരുന്നു കട്ജു എത്തിയത്.

‘‘കുട്ടികൾക്കു പഠിക്കാനുള്ള അവസരമൊരുക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ എന്താണു ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം. വിദ്യാർത്ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങും’’ – കട്ജു പറഞ്ഞു.

പരീക്ഷ പാസായിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് മലബാറിൽ‍ പുറത്തുനിൽക്കുന്നത്. പ്രവേശന മാനദണ്ഡങ്ങളിലെ പാളിച്ചകൾ മൂലം എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുപോലും ഇഷ്ട വിഷയത്തിന് പ്രവേശനം നേടാനാകാത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്.

മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരിൽ 34,183 പേർക്കേ ഇതുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ളൂ. മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളുൾപ്പെടെ 46,839 കുട്ടികളുടെ പ്രവേശനം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. അലോട്മെന്റിനായി ഇനി ബാക്കിയുള്ളത് 13,438 സംവരണ സീറ്റുകളാണ്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും ചേർത്താൽ പോലും 12,816 അപേക്ഷകർക്കു നൽകാൻ സീറ്റില്ലെന്ന് ഹയർ സെക്കൻഡറി വിഭാഗം ജില്ലാ വികസന സമിതി യോഗത്തിൽ അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles