Tuesday, May 14, 2024
spot_img

ജമ്മുകശ്മീരിലെ രജൗറിയിൽ ഏറ്റുമുട്ടൽ; നാല് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലക്കോട്ട് വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ, ഒരു ഹവിൽദാർ, ഒരു ജവാൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഒരു മേജറിനും മറ്റൊരു ജവാനും പരിക്കേറ്റു, പരിക്കേറ്റവരെ ഉധംപൂരിലെ ആർമി കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് പ്രവർത്തിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഞായറാഴ്ച മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
“ഓപ്പറേഷൻ കാരണം ഞങ്ങളോട് വീട്ടിൽ തന്നെ തുടരാനും പുറത്തേക്ക് പോകാതിരിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ വീട്ടിൽ തന്നെ തുടർന്നു, സ്കൂളിൽ പോയില്ല,” ഒരു ഗ്രാമവാസി വാർത്ത ഏജൻസിയോട് പറഞ്ഞു. ഗ്രാമത്തിനോട് ചേർന്നുള്ള വനമേഖലയിലാണ് വെടിവയ്പ്പ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

നവംബർ 17 ന് ബുദാൽ മേഖലയിലെ ബെഹ്‌റോട്ടിൽ നടന്ന മറ്റൊരു വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രജൗരിയിലെ ഏറ്റവും പുതിയ ഏറ്റുമുട്ടൽ.

Related Articles

Latest Articles