കണ്ണൂര്‍: തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ബോംബെറിഞ്ഞ സംഭവത്തില്‍ ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പൊലീസ് (Police) പിടിയില്‍. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബോംബ് എറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുന്നു. ഏറുപടക്കം വാങ്ങി സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. ഇയാളുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. അതേസമയം ബോംബേറിലെ പ്രതികൾ സി പി എമ്മിന്റെ സജീവ പ്രവർത്തകരെന്നാണ് കണ്ണൂർ മേയർ ടി ഒ മോഹനൻ. സംഭവത്തിന്റെ തലേദിവസം സംഘം ബോംബേറിൽ പരീശീലനം നടത്തിയെന്നും ചോലോറ മാലിന്യ സംസ്കരണ പ്ളാന്റിന് സമീപത്ത് അർദ്ധരാത്രി ഉഗ്ര സ്ഫോടനം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

