Sunday, December 14, 2025

തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ; സംസ്‌ഥാനത്ത് ആകെ കേസുകളുടെ എണ്ണം 15 ആയി

തിരുവനന്തപുരം: കേരളത്തിൽ നാലുപേർക്ക് കൂടി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

തുടർന്ന് ക്വാറന്റീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരൻ ഡിസംബർ 17ന് നൈജീരിയയിൽ നിന്നും എത്തിയതാണ്. എയർപോർട്ട് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Related Articles

Latest Articles