Wednesday, October 14, 2026

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) അഥവാ കുഴിബോംബ് പൊട്ടിത്തെറിച്ച് ഈ സംഭവം ഉണ്ടായത്. തിങ്കളാഴ്ച നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഒരു ഫോര്‍വേഡ് ഗ്രാമത്തില്‍ ശക്തമായ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു.

പാകിസ്ഥാന്‍ അധീന കശ്മീരിലെ (PoK) പൂഞ്ച് ജില്ലയിലെ ഹാജിറ തഹ്‌സീലിലുള്ള മന്ത് ല, മദര്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരര്‍. മുഹമ്മദ് ഇഷ്തിയാഖ്, മുഹമ്മദ് ഫൈസാന്‍ (പ്രധാന ലഷ്‌കര്‍ കമാന്‍ഡര്‍), മുഹമ്മദ് വഖാസ്, മുഹമ്മദ് അസിം എന്നിങ്ങനെയാണ് ഇവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

പാകിസ്ഥാന്‍ ഭാഗത്തുനിന്നും ഒരു സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കവെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സത്വല്‍-നാകി പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്വല്‍-നാകി പ്രദേശം പരമ്പരാഗതമായി നുഴഞ്ഞുകയറ്റത്തിന് ഉപയോഗിക്കുന്ന ഒരു വഴിയായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ഭീകരരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

സ്‌ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുമ്പും സമാനമായ രീതിയില്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (BAT) ആറോ ഏഴോ അംഗങ്ങള്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് സെക്ടറിലുടനീളം സുരക്ഷാ സേന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കുന്നതിനുമായി നിയന്ത്രണരേഖയില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles