ശ്രീനഗര്: പാകിസ്ഥാന് ലഷ്കര്-ഇ-തൊയ്ബ (എല്.ഇ.ടി) ഭീകരര്ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്ഷ്യല് പ്രോപ്പര്ട്ടി നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി (എന്.ഐ.എ) കണ്ടുകെട്ടി. ശ്രീനഗര് പ്രാന്തപ്രദേശത്തുള്ള ദാനിഹാമയില് സ്ഥിതി ചെയ്യുന്ന ഈ വീട്, പ്രതിയായ ഗുലാം മുഹമ്മദ് മിര് എന്ന മാമ ഗാസിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്.ഐ.എ പറയുന്നതനുസരിച്ച്, ഭീകരരായ അബു ഹുറൈറ, ഖുബൈബ് എന്നീ രണ്ട് പാകിസ്ഥാന് ലഷ്കര് ഭീകരര്ക്ക് മിര് തന്റെ വസതിയില് അഭയവും ലോജിസ്റ്റിക് പിന്തുണയും നല്കിയിരുന്നു.
ഈ വീടുകളില് നടത്തിയ തെരച്ചിലില് ഭീകരപ്രവര്ത്തനങ്ങള്ക്ക് ഉപയോഗിച്ചതിന്റെ തെളിവുകള് കണ്ടെത്തിയതായി ഏജന്സി അറിയിച്ചു. മാര്ച്ച് 31-ന് സക്കൂറ പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര് ആദ്യം രജിസ്റ്റര് ചെയ്തത്. പിന്നീട് ഇത് നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി ഏറ്റെടുക്കുകയായിരുന്നു. ശ്രീനഗര് ജില്ലയില് പ്രവര്ത്തിക്കുന്ന ഭീകരര്ക്ക് നുഴഞ്ഞുകയറ്റത്തിന് സഹായം നല്കാനും അഭയവും ലോജിസ്റ്റിക് പിന്തുണയും നല്കാനും പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഹാന്ഡ്ലര്മാരുമായി ചേര്ന്ന് പ്രവര്ത്തിക്കുന്ന പ്രാദേശിക ഒവര് ഗ്രൗണ്ട് വര്ക്കര്മാരുടെ ശൃംഖലയെ അന്വേഷണത്തിന്റെ ഭാഗമായി ഏജന്സി കണ്ടെത്തിയിട്ടുണ്ട്.
താഴ്വരയില് പ്രവര്ത്തിക്കുന്ന വിദേശ ഭീകരര്ക്ക് അഭയവും പിന്തുണയും നല്കുന്ന ഒവര് ഗ്രൗണ്ട് വര്ക്കര്മാര്ക്കും അഭയം നല്കുന്നവര്ക്കുമെതിരെയുള്ള എന്.ഐ.എയുടെ തുടര്ച്ചയായ നടപടിയുടെ ഭാഗമായി, നിയമവിരുദ്ധ പ്രവര്ത്തനങ്ങള് (തടയല്) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്.
‘ഭീകരര് മാത്രമല്ല, അവര്ക്ക് അഭയം നല്കുകയും അവരുടെ നീക്കങ്ങള്ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നവരും കര്ശന നടപടികള് നേരിടേണ്ടിവരുമെന്നും അവരുടെ സ്വത്തുക്കള് നഷ്ടപ്പെടുമെന്നും ഈ നടപടി ശക്തമായ സന്ദേശം നല്കുന്നു,’ എന്ന് ഒരു മുതിര്ന്ന സുരക്ഷാ സേനാ ഉദ്യോഗസ്ഥന് പറഞ്ഞു. സുരക്ഷാ ഏജന്സികളെ കബളിപ്പിക്കുന്നതിനായി ലഷ്കര് ഭീകരരായ അബു ഹുറൈറയും ഖുബൈബും മറ്റുള്ളവരും പലപ്പോഴും ഈ വീട് സുരക്ഷിത താവളമായി ഉപയോഗിച്ചിരുന്നു.

