Monday, June 17, 2024
spot_img

മധുവിനെ കൊന്നുതള്ളിയിട്ട് നാല് വർഷം; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം

അഗളി: ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയിട്ട് നാല് വർഷം(Madhu Murder Case). വൈകിയാണെങ്കിലും നീതി പുലരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മുക്കാലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമടങ്ങുന്ന പതിനാറംഗ സംഘം ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയത്.

2018 ഫെബ്രുവരി 22നായിരുന്നു സംഭവം. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസിന്റെ ഏറെ വൈകിയ വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിൽ ഉടൻ തുടങ്ങുമെന്ന ആശ്വാസത്തിലാണ് മധുവിന്റെ കുടുംബം.കോടതിയിൽ സർക്കാർ നിയോഗിച്ച പ്രത്യേക പ്രോസിക്യൂട്ടർ കേസിൽ ഹാജരായി. ദീർഘനാളായി പ്രോസിക്യൂട്ടർ ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്റെ കേസ് വീണ്ടും ഉണരുന്നത്.

എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാർകാട് കോടതി തീരുമാനം. നിലവിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രനാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. രഘുനാഥിന് ശേഷം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്തത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.

അതേസമയം വനത്തിലെ ഗുഹയിൽ കഴിഞ്ഞിരുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ച് പിടികൂടി ആൾക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു. മുക്കാലിയിൽനിന്ന് അഗളി പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് വാഹനത്തിലായിരുന്നു മരണം. ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മധു മരിച്ചെന്നാണ് പോലീസ് കേസ്. സംഭവത്തിൽ പ്രദേശവാസികളായ 16 പേരാണു പ്രതികൾ.

Related Articles

Latest Articles