യുക്രൈന് പിന്തുണ അറിയിച്ച് ഫ്രാൻസ് രംഗത്ത്. യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇമ്മാനുവൽ മാക്രോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞു. എന്നാൽ കരിങ്കടൽ വഴി റഷ്യൻ കപ്പലുകൾ അനുവദിക്കരുതെന്ന് തുർക്കിയോട് യുക്രൈൻ അഭ്യർത്ഥിച്ചിരിക്കുകയാണ്.
റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന അറിയിച്ചു. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ചുന്‍യിങ് പറഞ്ഞു.

